തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന് ഭര്‍ത്താവ്; യുവതിയും ഒന്‍പതു വയസുകാരനായ മകനും കഴിയുന്നത് വീടിന്റെ വരാന്തയില്‍

Update: 2026-01-03 06:22 GMT

കോഴിക്കോട്:  ഫറോക്കില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയും ഒന്‍പതു വയസുകാരനായ മകനും കഴിഞ്ഞ ഒമ്പത് ദിവസമായി കഴിയുന്നത് ഭര്‍തൃവീടിന്റെ വീടിന്റെ വരാന്തയില്‍. നിയമപോരാട്ടത്തിന് ഒടുവില്‍ ഭര്‍ത്താവിന് ഒപ്പം ജീവിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും മുഹമ്മദ് ഫാസില്‍ വീട് പൂട്ടി മറ്റൊരിടത്തേക്ക് താമസം മാറിയതോടെ ഹസീനയും മകനും വീടിന്റെ വരാന്തയില്‍ അഭയം തേടുകയായിരുന്നു.

പത്തുവര്‍ഷം മുമ്പാണ് ഹസീനയെ ഫാസില്‍ വിവാഹം കഴിച്ചത്. മൂന്നുവര്‍ഷം കഴിഞ്ഞതോടെ ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പിതൃത്വത്തില്‍ സംശയമുയര്‍ത്തിയായിരുന്നു പീഡനം. വഴക്കിനൊടുവില്‍ 2018-ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയിരുന്നില്ല. വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞാണ് ഭര്‍ത്താവ് തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് ഹസീന ആരോപിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെ ഫാസില്‍ മറ്റൊരു വിവാഹവും കഴിച്ചു.

ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്നും ഹസീന പറഞ്ഞു. ഉത്തരവുമായി ഹസീനയും മകനും വീട്ടില്‍ എത്തിയതെങ്കിലു ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി സ്ഥലംവിട്ടു. വീട്ടിലെ വൈദ്യുതിയും കുടിവെള്ളവും വിഛേദിയ്ക്കപ്പെട്ട കാരണം,പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഹസീന പറയുന്നു.

ഭര്‍ത്താവിനൊപ്പം താമസിക്കാനുള്ള കോടതി ഉത്തരവ് ഹസീനയുടെ പക്കലുണ്ടെങ്കിലും, വീട് പൂട്ടി ഭര്‍ത്താവ് മാറിനില്‍ക്കുന്നതിനാല്‍ പോലിസിനും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ്. വിവാഹസമയത്ത് നല്‍കിയ 42 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മടക്കി നല്‍കണമെന്നാണ് ഹസീനയും കുടുംബവും ആവശ്യപ്പെടുന്നത്.

Tags: