ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ മുടങ്ങി

വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സര്‍വീസുകള്‍ മുടങ്ങിയതായും അധികൃതര്‍ അറിയിച്ചു

Update: 2022-05-23 04:26 GMT

ന്യൂഡല്‍ഹി:കനത്ത മഴയിലും കാറ്റിലും ന്യൂഡല്‍ഹിയില്‍ വ്യാപക നാശനഷ്ടം.പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു.മോശം കാലാവസ്ഥ  വിമാന സര്‍വീസിനെയും ബാധിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയും ഉണഅടായത്.മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വൈകിട്ട് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചു വിട്ടതായും നിരവധി സര്‍വീസുകള്‍ മുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി ബന്ധപ്പെട്ട വിമാനകമ്പനികളുമായി ബന്ധപ്പെടാന്‍ വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

വിസ്താരയുടെ മുംബൈയില്‍ നിന്നുള്ള വിമാനവും, അലയന്‍സ് എയറിന്റെ രണ്ടു വിമാനങ്ങളും ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ വഡോദരയില്‍ നിന്നുള്ള വിമാന സര്‍വീസും ഇന്‍ഡിഗോയുടെ ജബല്‍പുരില്‍നിന്നും പട്‌നയില്‍നിന്നുമുള്ള വിമാന സര്‍വീസുകള്‍ ജയ്പുര്‍ വിമാനത്താവളത്തിലേക്കും വഴിതിരിച്ചു വിട്ടതായും അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയിലും തലസ്ഥാന മേഖലയിലും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ദുര്‍ബലമായ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഇടിമിന്നല്‍ മൂലം കേടുപാടുകള്‍ സംഭവിക്കാമെന്നും ഗതാഗത തടസങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ സാധ്യമെങ്കില്‍ ആളുകള്‍ വീടിനുള്ളില്‍തന്നെ തുടരാനും യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.

Tags: