പറവൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; പോലിസ് ഉദ്യോഗസ്ഥന്‍ പ്രദീപ്കുമാറിന്റെ മകള്‍ അറസ്റ്റില്‍
കൊച്ചി: പറവൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ റിട്ട. പോലിസ് ഉദ്യോഗസ്ഥന്‍ പ്രദീപ്കുമാറിന്റെ മകള്‍ ദീപ അറസ്റ്റില്‍.ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കുസമീപം പുളിക്കത്തറ വീട്ടില്‍ ആശ(46) കോട്ടുവള്ളി പുഴയില്‍ചാടി മരിച്ചത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള ഭീഷണിയിലാണ് മരണം എന്നാണ് നിഗമനം. കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലിസ് ഉദ്യോഗസ്ഥനില്‍നിന്ന് 2022ല്‍ 10 ലക്ഷം രൂപ പലിശക്കു വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണകാരണം. വലിയൊരു തുക തിരിച്ചു നല്‍കിയിട്ടും പിന്നെയും ആശയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ വിവരം പോലിസ് ഒത്തുതീര്‍പ്പാക്കിയിട്ടും വീണ്ടും ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തത്.