കോഴിക്കോട്: വീടുകള്‍ വാടകയ്ക്കെടുത്ത് ഉടമകള്‍ അറിയാതെ പണയത്തിനു മറിച്ചുനല്‍കി പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹിന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെയാണ് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയില്‍നിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയില്‍നിന്ന് 2.80 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയില്‍നിന്ന് 7 ലക്ഷം രൂപയും വാങ്ങി പണയത്തിന് നല്‍കിയെന്ന് പരാതിയുണ്ടായിരുന്നു. പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതികള്‍ നടക്കാവ് പോലിസില്‍ പരാതി നല്‍കി.
കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികള്‍ നിരവധി പേരെ സമാന രീതിയില്‍ പറ്റിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. കോഴിക്കോട് നടക്കാവ്, ചേവായൂര്‍, എലത്തൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ പ്രതികള്‍ വീട് വാടകയ്ക്ക് എടുക്കുകയും ഇത് ഉടമ അറിയാതെ മറ്റുള്ളവര്‍ക്ക് വലിയ തുകയ്ക്ക് പണയത്തിന് കൊടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. പ്രതികള്‍ രണ്ടോ മൂന്നോ മാസം വീടിന് വാടക നല്‍കിയശേഷം മുങ്ങുന്നതിനാല്‍ വീട്ടുടമസ്ഥരും പണയത്തിനെടുത്തവരും പ്രാഥമികഘട്ടത്തില്‍ തട്ടിപ്പ് മനസ്സിലാക്കാതെ പോയി. മെര്‍ലിന്‍ ഡേവിസിനെ പാലക്കാട് നിന്നും നിസാറിനെ നടക്കാവ് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി.
