പള്ളൂരുത്തി: ഇടക്കൊച്ചിയില്‍ രണ്ടു കുടുംബങ്ങള്‍ താമസിച്ചിരുന്ന ഓടിട്ട വീടിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വീട്ടിലുള്ളവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു തീപിടിത്തം. പനച്ചിത്തറ വീട്ടില്‍ പ്രതാപന്റെയും സിന്ധുവിന്റെയും കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. വീട്ടില്‍ ഉള്ളവര്‍ ജോലിക്ക് പോയ സമയത്താണ് തീ ആദ്യം ഉയര്‍ന്നത്. നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ഇടപെട്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് മട്ടാഞ്ചേരി, അരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന എസി, ടിവി, അലമാര ഉള്‍പ്പെടെയുള്ള എല്ലാ ഫര്‍ണിച്ചറുകളും കത്തിച്ചാമ്പലായി. ഇതിനുപുറമെ, അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു പവനോളം സ്വര്‍ണം, ലോണ്‍ അടക്കാന്‍ വെച്ചിരുന്ന പണം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.
അരൂര്‍ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ പി എ ലിഷാദ്, എസ്എഫ്ആര്‍ഒ വി എസ് സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റും മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പി ബി സുഭാഷിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും തീയണയ്ക്കുന്നതില്‍ പങ്കെടുത്തു.