സംസ്ഥാനത്ത് ആശുപത്രികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; പ്രതിപക്ഷ നേതാവിനെതിരേ ആഞ്ഞടിച്ച് വീണാ ജോര്‍ജ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ആശുപത്രികള്‍ തുടങ്ങുമെന്നും ചികില്‍സാ ചെലവ് കുറയ്ക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ക്കെതിരേ രൂക്ഷമായ മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. സംസ്ഥാനത്ത് നിലവില്‍ തന്നെ അമ്മയും കുഞ്ഞും ആശുപത്രികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കൃത്യമായ ഇടപെടലുകളിലൂടെ സാധാരണക്കാരുടെ ചികില്‍സ ചെലവ് ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് മറുപടിയായി, നിലവിലെ സര്‍ക്കാര്‍ കൈവരിച്ച ആരോഗ്യ നേട്ടങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് മന്ത്രി പ്രതികരിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ പദ്ധതികളെക്കുറിച്ച് ധാരണയില്ലാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.