ബീജിങ്: ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ കടലിടുക്ക് സാധാരണ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ഷി ജിന്‍പിങ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. ഹോര്‍മുസ് ഉപരോധത്തിന് ശേഷം വിഷയത്തില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.
ഹോര്‍മുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും മേഖലയിലെ സമാധാനത്തിനും ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും അത് തുറന്നിരിക്കേണ്ടത് അനിവാര്യമാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. ഇറാന്റെ അവകാശവാദങ്ങളെ നേരിട്ട് തള്ളാതെയും അമേരിക്കയെയോ ഇറാനെയോ കുറ്റപ്പെടുത്താതെയും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നാണ് ചൈനയുടെ നിലപാട്.
മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ ചൈനയ്ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഉപരോധം ശക്തമായതോടെ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ബീജിങ് നിലപാട് പുനപരിശോധിക്കുന്നത്. ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ പ്രധാനിയാണ് ചൈന. ഇതിനിടെ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പോയ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം തടഞ്ഞ സംഭവത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഇത്തരം ബലപ്രയോഗ നടപടികളില്‍ ആശങ്കയുണ്ടെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.
