ഹോങ്കോങ് തീപിടിത്തം; മരണം 94 ആയി, 100ലേറെ പേര്‍ക്ക് പരിക്ക്, രക്ഷാദൗത്യം തുടരുന്നു
തായ് പോ: ഹോങ്കോങിലെ തായ് പോയിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 94 ആയി, 100ലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 200ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇപ്പോഴും വാങ് ഫുക് കോര്‍ട് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തീയുണ്ട്. ഇത് അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴു കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കെട്ടിടത്തിന്റെ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു പേരെ ഗുരുതരമായ അശ്രദ്ധ ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തു. അതിവേഗം തീപിടിക്കുന്ന പോളിസ്‌റ്റൈറൈന്‍ ബോര്‍ഡുകളും ജനലുകളില്‍ സ്ഥാപിച്ചിരുന്ന വലകളും മറ്റുമാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് സംശയിക്കുന്നു.
എട്ട് ബ്ലോക്കുകളിലായി 32 നിലകള്‍ വീതമുള്ള കെട്ടിടങ്ങളില്‍ ഏഴു ബ്ലോക്കുകളിലാണ് തീപിടിച്ചത്. ഒരു ടവറില്‍ നിന്ന് തീ അതിവേഗം മറ്റ് ടവറുകളിലേക്ക് പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 128 ഫയര്‍ ട്രക്കുകളുടെയും 57 ആംബുലന്‍സുകളുടെയും സഹായത്തോടെ 800ലധികം അഗ്‌നിശമന സേനാംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ദുരന്തമുഖത്ത് നടക്കുന്നത്. ഇതിനു മുന്‍പ് ഹോങ്കോങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തം 1996ല്‍ ഗാര്‍ലി ബില്‍ഡിങ് തീപിടിത്തമായിരുന്നു. അന്ന് 41 പേര്‍ മരണപ്പെട്ടിരുന്നു.