അയല്‍വാസിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; യുവതി അറസ്റ്റില്‍

Update: 2025-06-05 02:16 GMT

ഏറ്റുമാനൂര്‍: അയല്‍വാസിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ ധന്യ അര്‍ജുന്‍ (37) ആണ് അറസ്റ്റിലായത്. ഗാന്ധിനഗര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അലന്‍ തോമസ്, ധന്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടു. പ്രതിയുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുത്തെന്നും ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു സംഭവം.