സ്ത്രീകള്‍ക്ക് സൗജന്യ ബസ്സ് യാത്ര; ഇന്ദിരാ ഗ്യാരണ്ടി പ്രചാരണവുമായി കെ സി വേണുഗോപാലും രമേഷ് പിഷാരടിയും

Update: 2026-04-03 11:19 GMT

പാലക്കാട്: സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ്സ് യാത്ര വാഗ്ദാനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പാലക്കാട്ടെ സ്ഥനാര്‍ഥി രമേഷ് പിഷാരടിയും കെ സി വേണുഗോപാലും പാലക്കാട് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര നടത്തി. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ്സ് യാത്ര. യാത്രക്കാരില്‍ നിന്നുമുള്ള പ്രതികരണം പദ്ധതിക്ക് വലിയ പിന്തുണയാണെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇത്തരം പദ്ധതി കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ഇടതുപക്ഷ വിമര്‍ശനങ്ങള്‍ക്കിടയില്‍, കര്‍ണാടകയും തെലങ്കാനയും പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനകം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ടിക്കറ്റിന് തുല്യമായ തുക സബ്‌സിഡിയായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: