മുസ് ലിം ബാര്‍ബര്‍മാര്‍ക്കെതിരേ ക്യാംപയിനുമായി ഹിന്ദുത്വ സംഘടനകള്‍

Update: 2025-10-03 10:37 GMT

ന്യൂഡല്‍ഹി:  മുസ് ലിംകളെ ജീവിക്കാന്‍ അനുവദിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. നിരവധി ഇടങ്ങളിലാണ് മുസ് ലിം ചെറുകിട വ്യാപാരികളും തൊഴിലാളികളും ബിജെപിയുടെ ബഹിഷ്‌കരണാഹ്വാനങ്ങളില്‍ പെട്ട് ജീവിക്കാന്‍ പാടുപെടുന്നത്. മാംസ വില്‍പ്പനക്കാര്‍, പഴം, പച്ചക്കറി വില്‍പ്പനക്കാര്‍, തെരുവ് കച്ചവടക്കാര്‍, ജിം പരിശീലകര്‍, ഇലക്ട്രീഷ്യന്‍മാര്‍, ഡെലിവറി തൊഴിലാളികള്‍, തയ്യല്‍ക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരൊക്കെ ഇവരുടെ ഇരകളാണ്. എന്നാല്‍ ഇപ്പോള്‍ യൂണിസെക്‌സ് സലൂണുകള്‍ നടത്തുന്ന മുസ് ലിം തൊഴിലാളികളെ ബിജെപിക്കാര്‍ ലക്ഷ്യം വക്കുന്നുവെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഹിന്ദു സ്ത്രീകളെ വശീകരിക്കാന്‍ മുസ് ലിം ബാര്‍ബര്‍മാര്‍ യൂണിസെക്‌സ് സലൂണുകള്‍ ഉപയോഗിക്കുന്നുവെന്നാണ് ഉത്തരാഖണ്ഡിലെ ഋഷികേശ് ജില്ലയില്‍ ഹിന്ദു സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. ലവ് ജിഹാദെന്ന വ്യാജ വാര്‍ത്ത പടച്ചിറക്കി സാധാരണക്കാരുടെ സലൂണുകള്‍ പൂട്ടിക്കുകയാണ് ഇവരുടെ പ്രധാന ഉദ്ദേശം. വ്യാഴാഴ്ച, തിലക് റോഡിലെ ഒരു പുതിയ സലൂണ്‍ ഔദ്യോഗികമായി തുറക്കുന്നതിന് മുമ്പ് ഹിന്ദു സംഘടനകള്‍ പുറത്ത് ഒത്തുകൂടി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതോടെ, ഉടമ തന്റെ കടയ്ക്കു ഷട്ടറിട്ടു.

''ഒരു പ്രത്യേക സമുദായത്തിലെ ആണ്‍കുട്ടികള്‍ ഈ സലൂണുകളിലെ ഹിന്ദു ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ എടുക്കുന്നു. അവര്‍ അവരെ ബ്രെയിന്‍ വാഷ് ചെയ്യുന്നു, ഇതോടെ അവര്‍ മുസ് ലിംകള്‍ക്കൊപ്പം ഓടിപോകുന്നു. ഇത് നമ്മുടെ പെണ്‍മക്കള്‍ക്കും മരുമക്കള്‍ക്കും അപകടമാണ്.'' ഹിന്ദു ശക്തി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാനഗര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് അവര്‍ സ്വന്തം കുടുംബങ്ങളിലെ സ്ത്രീകളെ ഇവിടെ നിയമിക്കാത്തതെന്നും എന്തുകൊണ്ടാണ് നമ്മുടെ പെണ്‍മക്കളെ മാത്രം ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും അയാള്‍ ചോദിച്ചു. യൂണിസെക്‌സ് സലൂണുകള്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭട്ടാനഗരുടെ ഭീഷണി.

ഭട്ടാനഗറിനെപ്പോലെ നിരവധി പേരാണ് മുസ് ലിംകളുടെ കടകള്‍ക്കുമുമ്പില്‍ വന്ന് ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കുന്നത്. ഇവരുടെ കാമ്പെയ്ന്‍ നിരവധി മുസ് ലിം ബാര്‍ബര്‍മാരെ ഭയപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെയും മതത്തിന്റെയും പോരിലാണ് തങ്ങള്‍ ആക്രമിക്കപ്പെടുന്നതെന്ന് അവര്‍ പറയുന്നു. '' ഞങ്ങള്‍ കുറ്റവാളികളല്ല. മുടി മുറിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. ഇത് ഞങ്ങളുടെ ഉപജീവനമാര്‍ഗമാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് 'ലവ് ജിഹാദ്' ആണെന്നാണ്. നാളെ ചായ വില്‍ക്കുന്നത് പോലും ജിഹാദാണെന്ന് അവര്‍ പറഞ്ഞേക്കാം.''പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബാര്‍ബര്‍ പറഞ്ഞു

പ്രാദേശിക ബാര്‍ബര്‍ അസോസിയേഷന്‍ പോലും പ്രതിഷേധക്കാരുടെ പക്ഷം ചേര്‍ന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. നഗരത്തില്‍ യൂണിസെക്‌സ് സലൂണുകള്‍ അനുവദിക്കരുതെന്ന് പ്രസിഡന്റ് വിനോദ് കുമാര്‍ ചന്ദേല്‍ പ്രഖ്യാപിച്ചത് വലിയ തരത്തിലുള്ള ഞെട്ടലാണ് മുസ് ലിം കുടുംബങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള മുസ്ലിംകളെ ഹിന്ദുത്വ സംഘടനകള്‍ എങ്ങനെ ആസൂത്രിതമായി ആക്രമിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. മാംസക്കടകളില്‍ നിന്ന് വഴിയോരക്കച്ചവടക്കാരിലേക്കും ഇപ്പോള്‍ ബാര്‍ബര്‍മാരിലേക്കും എന്ന അവസ്ഥ മുസ് ലിംകള്‍ സാമ്പത്തികമായി പുറംതള്ളപ്പെടുന്നു എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ്.

Tags: