ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണം; പപ്പു അന്‍സാരിയുടെ കുടുംബത്തെ എസ്ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
ജാര്‍ഖണ്ഡ്: ഗോഡ്ഡയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പപ്പു അന്‍സാരിയുടെ വസതിയില്‍ എസ്ഡിപിഐ ജാര്‍ഖണ്ഡ് സ്റ്റേറ്റ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഹന്‍സല ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സംഘം നീതി ഉറപ്പാക്കാന്‍ നിയമസഹായം വാഗ്ദാനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷവും ക്രമസമാധാന നിലയുടെ തകര്‍ച്ചയുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഹന്‍സല ഷെയ്ഖ് പറഞ്ഞു.
കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുകയും ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എസ്ഡിപിഐ ശക്തമായ ജനാധിപത്യപ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
റാണിപൂര്‍ സ്വദേശിയായ പപ്പു അന്‍സാരിയാണ് പൊറെയാഹത്ത് പോലിസ് സ്റ്റേഷന്‍ പരിധിയിലെ മതിഹാനി ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോടാലി, അമ്പ്, വില്ല് എന്നിവ ഉപയോഗിച്ചാണ് അന്‍സാരിയെ ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ അന്‍സാരി മരിച്ചു. മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പശുവിനെ മോഷ്ടിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അക്രമികള്‍ അവകാശപ്പെട്ടത്. പപ്പു അന്‍സാരിയുടെ ഭാര്യ ആയിശ ബീഗം നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഡിവൈഎസ്പി ജെ പി എന്‍ ചൗധരി പറഞ്ഞു. മതം നോക്കിയാണ് ആക്രമണം നടന്നതെന്ന് ആയിശയുടെ പരാതി പറയുന്നു. കന്നുകാലി വ്യാപാരിയായിരുന്നു അന്‍സാരി. ബുധനാഴ്ച കന്നുകാലി ചന്തയില്‍ പോയി മടങ്ങുമ്പോളാണ് ആക്രമണം നടന്നതെന്ന് അന്‍സാരിയുടെ ബന്ധുവായ ഫുര്‍ഖാന്‍ അന്‍സാരി പറഞ്ഞു. ഒരു ആള്‍ക്കൂട്ടം വാഹനം തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പേര് ചോദിച്ച് മുസ്ലിം ആണെന്ന് ഉറപ്പാക്കിയായിരുന്നു ആക്രമണമെന്നും ഫുര്‍ഖാന്‍ അന്‍സാരി വിശദീകരിച്ചു.
