ഇഫ്താറിനെത്തിയവരെ ആക്രമിച്ച് ഹിന്ദുത്വര്‍; 11 പേര്‍ക്ക് പരിക്ക്

Update: 2026-03-16 07:04 GMT

പൂനെ: നോമ്പ് തുറക്കാന്‍ (ഇഫ്താര്‍) ഒത്തുകൂടിയവരെ ആക്രമിച്ച് ഹിന്ദുത്വര്‍. പൂനെയിലെ കോന്ധ്വ പ്രദേശത്താണ് സംഭവം. സംഭവത്തില്‍ കോന്ധ്വ നിവാസിയും തുണിക്കട നടത്തുന്നയാളുമായ ഫിറോസ് സയ്യദ് (36) പൂനെ റൂറലിലെ സസ്വാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വൈകുന്നേരം നോമ്പ് തുറക്കാനായി തങ്ങളുടെ വാഹനത്തില്‍ അസ്‌കര്‍വാടി ഗ്രാമത്തിലേക്ക് എത്തിയതാണെന്ന് ഫിറോസ് സയ്യദ് പറയുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ തങ്ങളോട് പേര് ചോദിക്കുകയും തൊപ്പി ഊരാന്‍ ആക്രോശിക്കുകയുമായിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങളുമായി നൂറിലധികം പേര്‍ ഇരുചക്രവാഹനങ്ങളിലായി സംഭവസ്ഥലത്ത് എത്തിയതായും സയ്യദ് പറഞ്ഞു. പിന്നീട് സംഘം തങ്ങളെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

ആക്രമണത്തില്‍ നോമ്പു തുറക്കാനെത്തിയ 11 പേര്‍ക്ക് പരിക്ക് പറ്റി. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 118(1), 189(2), 190, 191(2), 191(3), 351(2), 351(3), 352 എന്നീ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരേ പോലിസ് കേസെടുത്തു.

അതേസമയം, ആക്രമണം നടത്തിയത് ഹിന്ദുത്വ പ്രവര്‍ത്തകരാണെന്നും സംഭവത്തില്‍ അഞ്ചോ ആറോ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അംഗം അസര്‍ തംബോലി ആരോപിച്ചു. ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: