ഒഡീഷയില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് ചാണകം തീറ്റിച്ച് ഹിന്ദുത്വര്‍

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് ക്രൂരമര്‍ദ്ദനം

Update: 2026-01-19 10:41 GMT

പര്‍ജാങ്: ഒഡീഷയില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് ചാണകം തീറ്റിച്ച് ഹിന്ദുത്വര്‍. ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ കഴിഞ്ഞ നാലിനാണ് സംഭവം. ഒരു കൂട്ടം ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ച ശേഷം അദ്ദേഹത്തെ കൊണ്ട് ബലമായി ചാണകം തീറ്റിപ്പിച്ചു.

പാസ്റ്റര്‍ നായിക്കും ഭാര്യ സിസ്റ്റര്‍ വന്ദനയും മറ്റ് ചിലരും ഒരു സ്വകാര്യ വസതിയില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹിന്ദിത്വര്‍ അദ്ദേഹത്തെ വീട്ടില്‍ കയറി ആക്രമിച്ചു. ഹിന്ദിത്വര്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം അദ്ദേഹത്തെ വടി കൊണ്ട് ആക്രമിച്ച്, തല്ലുകയും, ജയ് ശ്രീറാം മുഴക്കാനും ചാണകം കഴിക്കാനും നിര്‍ബന്ധിച്ചു. മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി, കഴുത്തില്‍ ചെരിപ്പു മാല വച്ചു, ഏകദേശം രണ്ടു മണിക്കൂറോളം ഗ്രാമത്തിലൂടെ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ നടത്തി.

പാസ്റ്റര്‍ നായിക്കിന്റെ ഭാര്യ സിസ്റ്റര്‍ വന്ദന സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ, താന്‍ കാണുമ്പോള്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം തന്റെ ഭര്‍ത്താവിനെ കെട്ടിയിട്ട് രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടതായും, ഇരു കൈകളും വടിയില്‍ കെട്ടിയിട്ട നിലയിലാണെന്നും, ആക്രമണം തുടരുകയായിരുന്നുവെന്നും പോലിസ് ഇടപെട്ടിട്ടും അക്രമം ഉടനടി അവസാനിപ്പിച്ചില്ല.

പാസ്റ്റര്‍ ബിപിന്‍ ബിഹാറി നായിക്കിനെ പിന്നീട് രക്ഷപ്പെടുത്തി പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അക്രമികള്‍ പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിന്റെ കുടുംബത്തേയും അവരുടെ വീടിനും തീയിട്ട് ചുട്ട് കളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വരില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് പര്‍ജാങ് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒളിവില്‍ പോയതായി പറയപ്പെടുന്നു.

'ഈ ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഇന്ത്യന്‍ ഭരണഘടനയുടെ കടുത്ത ലംഘനമാണ്. അത് ഓരോ പൗരനും ജീവിക്കാനുള്ള അവകാശം, അന്തസ്സ്, മത സ്വാതന്ത്ര്യം എന്നിവ ഉറപ്പ് നല്‍കുന്നു. ആള്‍ക്കൂട്ട അക്രമം, നിര്‍ബന്ധിത മത മുദ്രാവാക്യങ്ങള്‍, പൊതു അവഹേളനം എന്നിവയ്ക്ക് ഒരു പരിഷ്‌കൃത ജനാധിപത്യത്തില്‍ സ്ഥാനമില്ല. അത്തരം മത ഭ്രാന്ത് നിറഞ്ഞ പെരുമാറ്റം നിയമ വാഴ്ചയ്ക്കെതിരായ ആക്രമണമാണ്. അതിനെതിരേ ശക്തമായി നടപടിയെടുക്കണം' എന്ന് സിആര്‍ഐഐയുടെ ദേശീയ പ്രസിഡന്റ് ഡോ. കെ ബാബു റാവു പ്രതികരിച്ചു.