രജിസ്റ്റര്‍ ചെയ്യാത്ത ഹിന്ദുവിവാഹത്തിനും നിയമസാധുതയുണ്ട്: അലഹബാദ് ഹൈക്കോടതി

Update: 2025-08-29 12:24 GMT

അലഹബാദ്: സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹിന്ദുവിവാഹത്തിനും നിയമസാധുതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഒരു കുടുംബകോടതി വിധി റദ്ദാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദമ്പതികളുടെ വിവാഹമോചനം നടത്തണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കുടുംബകോടതി നിര്‍ദേശം. തുടര്‍ന്ന് ദമ്പതികളിലെ പുരുഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹം തെളിയിക്കാനുള്ള സംവിധാനം മാത്രമാണ് സര്‍ട്ടിഫിക്കറ്റെന്നും സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഹിന്ദു വിവാഹനിയമത്തിലെ എട്ടാം വകുപ്പിലെ അഞ്ചാം ഉപവകുപ്പു പ്രകാരം വിവാഹബന്ധത്തിന് നിയമസാധുതയുണ്ടെന്ന് ഹരജി പരിഗണിച്ച് ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹനിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വിവാഹത്തിന് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വേണ്ടതെന്നും കോടതി വിശദീകരിച്ചു.