ഹിമാചലില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ വര്‍ധന; മറ്റു സംസ്ഥാന വാഹനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യത

Update: 2026-02-20 09:09 GMT

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തോടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വാഹനങ്ങളുടെ ഇനം അനുസരിച്ച് 30 രൂപ മുതല്‍ 180 രൂപ വരെയാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളെ ടോള്‍ വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍.

പുതിയ നിരക്കുകള്‍ പ്രകാരം കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ ഉള്‍പ്പെടെയുള്ള ഭാരം കുറഞ്ഞ വാഹനങ്ങള്‍ക്ക് നിലവിലെ 70 രൂപയില്‍ നിന്ന് 170 രൂപയായി ടോള്‍ ഉയരും. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും 320 രൂപയും, മൂന്ന് ആക്‌സിലുകളുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ നിരക്ക്. ഭാരമേറിയ നിര്‍മാണ യന്ത്രങ്ങള്‍ക്ക് 800 രൂപയും, ഏഴോ അതിലധികമോ ആക്‌സിലുകളുള്ള വലിയ വാഹനങ്ങള്‍ക്ക് 900 രൂപയും ഈടാക്കും. എന്നാല്‍, രണ്ട് ആക്‌സില്‍ വരെയുള്ള ബസുകളും ട്രക്കുകളും നിലവിലെ 570 രൂപ നിരക്കില്‍ തന്നെ തുടരും.

സംസ്ഥാനത്തെ 55 ടോള്‍ ബാരിയറുകളിലും ഫാസ്റ്റാഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടോള്‍ വര്‍ധന വിനോദസഞ്ചാര മേഖലയെയും ചരക്ക് ഗതാഗത മേഖലയെയും ഗണ്യമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, ടോള്‍ നിരക്ക് വര്‍ധനയ്‌ക്കെതിരേ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Tags: