ഹിജാബ് വിവാദമുണ്ടായ സെന്റ് റീത്താസിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തോറ്റു

170 വോട്ടു മാത്രം നേടി നാലാം സ്ഥാനത്താണ് ജോഷി കൈതവളപ്പില്‍

Update: 2025-12-13 16:23 GMT

കൊച്ചി: ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജോഷി കൈതവളപ്പില്‍ തോറ്റു. കോര്‍പറേഷനിലെ പുതിയ വാര്‍ഡായിരുന്നു ഇത്. ഇവിടെ സിപിഎമ്മിന്റെ വി എ ശ്രീജിത്തിനാണ് വിജയം. 2,438 വോട്ട് വി എ ശ്രീജിത്ത് നേടിയപ്പോള്‍, 1,677 വോട്ട് നേടി കോണ്‍ഗ്രസിന്റെ എന്‍ ആര്‍ ശ്രീകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 194 വോട്ടോടെ വിനീഷ് വിശ്വംഭരനാണ്. 170 വോട്ടു മാത്രം നേടി നാലാം സ്ഥാനത്താണ് ജോഷി കൈതവളപ്പില്‍.

എന്‍ഡിഎ ഘടക കക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)എറണാകുളം ജില്ല പ്രസിഡന്റാണ് ജോഷി. ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. അന്ന് തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും ബന്ധമില്ലെന്നാണ് ജോഷി പറഞ്ഞിരുന്നത്. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ(ഡിഡിഇ)അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇതിനെതിരേ സ്‌കൂള്‍ കോടതിയില്‍ പോയെങ്കിലും പരാതി കോടതി തള്ളിയിരുന്നു.

Tags: