കള്ളക്കടല്‍ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധ തീരദേശ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ് നല്‍കി. തിരമാലകള്‍ ശക്തിപ്പെടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതയും ഉണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളില്‍ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം-കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ
കൊല്ലം-ആലപ്പാട്ട് മുതല്‍ ഇടവ വരെ
ആലപ്പുഴ-ചല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം-മുനമ്പം മുതല്‍ മറുവക്കാട് വരെ
തൃശൂര്‍-ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
മലപ്പുറം-കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്-ചോമ്പാല മുതല്‍ രാമനാട്ടുകര വരെ
കണ്ണൂര്‍-വളപട്ടണം മുതല്‍ ന്യൂമാഹി വരെ
കാസര്‍കോട്-കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ
ഇതിനുപുറമെ കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മല്‍സ്യത്തെഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കുക.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കുക.
ഉയര്‍ന്ന തിരമാലയുടെ സമയത്ത് മല്‍സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കുകയോ കരക്കടുപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.
മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.
തീരശോഷണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

