ഉയര്‍ന്ന അള്‍ട്രാവയലറ്റ് വികിരണം; ഒന്‍പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് (ഡഢ) വികിരണ തോത് ഉയര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന യുവി സൂചിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
പകല്‍ 10 മണി മുതല്‍ 3 മണി വരെ ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തപ്പെടുന്നതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും പ്രവര്‍ത്തിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മനേത്ര രോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. യാത്രകളിലും പുറംപ്രവര്‍ത്തനങ്ങളിലും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കണമെന്നും നിര്‍ദേശം നല്‍കുന്നു.
മലനിരകള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലും ഉഷ്ണമേഖലകളിലും യുവ. സൂചിക സാധാരണയായി കൂടുതലായിരിക്കും. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ പോലും യുവി വികിരണം ഉയര്‍ന്ന നിലയില്‍ തുടരാം. കൂടാതെ ജലാശയങ്ങള്‍, മണല്‍പ്രദേശങ്ങള്‍ എന്നിവ യുവി രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം ഇടങ്ങളിലും ജാഗ്രത അനിവാര്യമാണ്.
