കൊച്ചി: പാലിയേക്കരയില്‍ ടോള്‍പിരിക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. ടോള്‍ പുനഃസ്ഥാപിക്കണമെന്ന കമ്പനിയുടെ ആവശ്യം ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സര്‍വീസ് റോഡുകളുടെ കാര്യത്തില്‍ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോള്‍ പിരിവ് വീണ്ടും നീട്ടുകയായിരുന്നു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നുവെന്ന് കലക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഴത്തില്‍ മണ്ണ് എടുത്ത് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കരാര്‍ കമ്പനിയെ അറിയിച്ചെങ്കിലും അതില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ടോള്‍പിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്.