കൊച്ചി: മുന്‍ അഭിഭാഷകന്‍ ഫയല്‍ കൈമാറാത്തതിനെതിരെ കക്ഷി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ബന്ധപ്പെട്ട അഭിഭാഷകന്റെ മറുപടി കോടതി തേടി. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഫയലുകള്‍ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് കക്ഷിയായ ഹാഷിം എച്ച് അഭിഭാഷകനായ കെ വൈ റാഹിബിനെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശമുണ്ടായിട്ടും ഫയല്‍ കൈമാറാന്‍ അഭിഭാഷകന്‍ തയ്യാറായില്ല. വെള്ളിയാഴ്ച ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിഭാഷകനായ അഡ്വ. റാഹിബിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. തന്റെ മുന്‍ അഭിഭാഷകന്‍ പ്രൊഫഷണല്‍ മര്യാദ ലംഘിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ കേരള ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
എറണാകുളം മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ തന്റെ വാഹന അപകട നഷ്ടപരിഹാര കേസ് നിലനില്‍ക്കുകയാണെന്നും കേസില്‍ അഡ്വ. റാഹിബിനെ മുമ്പ് വെച്ചിരുന്നതാണെന്നും ഹരജിയില്‍ പറയുന്നു. പിന്നീട് അഭിഭാഷകനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കേസ് ഫയലുകള്‍ തിരികെ നല്‍കാനും വക്കാലത്ത് പിന്‍വലിക്കാനും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ മുമ്പാകെ വക്കാലത്ത് പിന്‍വലിക്കാനും ഫയലുകള്‍ കൈമാറാനും അഭിഭാഷകന്‍ സമ്മതിച്ചിരുന്നുവെന്ന് ഹാഷിം പറയുന്നു. എന്നാല്‍ പിന്നീട് അതിന് അദ്ദേഹം തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടിട്ടും നോട്ടീസ് നല്‍കിയിട്ടും അഭിഭാഷകന്‍ കേസ് ഫയലുകള്‍ തിരികെ നല്‍കുകയോ കേസ് മറ്റൊരു അഭിഭാഷകന് നല്‍കുന്നതിന് സഹകരിക്കുകയോ ചെയ്തില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഒപ്പിടാത്ത വക്കാലത്ത് പിന്‍വലിക്കല്‍ കത്തും വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങളും അഭിഭാഷകന്‍ അയച്ചുവെന്ന് ഹാഷിം പറയുന്നു.
ഹരജിക്കാരന്‍ ഇക്കാര്യങ്ങള്‍ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രൈബ്യൂണലിനെ അറിയിക്കുകയായിരുന്നു. ഇത് പ്രൊഫഷണല്‍ മര്യാദയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിനാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും 2025 ഒക്ടോബര്‍ 31ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചുത്തരവായി. തുടര്‍ന്ന് 2025 നവംബര്‍ അഞ്ചിന് ഹരജിക്കാരന്‍ കേരള ബാര്‍ കൗണ്‍സിലില്‍ പരാതി സമര്‍പ്പിച്ചു. എന്നാല്‍ ഇതുവരെ തന്റെ പരാതിയില്‍ നടപടി എടുത്തിട്ടില്ലെന്നാണ് ഹരജിക്കാരന്റെ ആരോപണം. കേസ് ഫയലുകള്‍ ലഭ്യമല്ലാത്തതിനാല്‍ തന്റെ നഷ്ടപരിഹാര ഹരജി തീര്‍പ്പാകാതെ കിടക്കുകയാണെന്നും അത് തന്റെ ഉപജീവനത്തിനും ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗൗരവമായ തടസ്സം സൃഷ്ടിച്ചുവെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് ബാര്‍ കൗണ്‍സില്‍ സമയബന്ധിതമായി തന്റെ പരാതിയില്‍ തീരുമാനമെടുക്കുന്നതിനും മുന്‍ അഭിഭാഷകന്‍ കൈവശം വച്ചിരിക്കുന്നതായി ആരോപിക്കുന്ന കേസ് ഫയലുകള്‍ തിരികെ നല്‍കുന്നതിനും ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഹാഷിം. ഹരജിക്കാരനു വേണ്ടി അഡ്വ. ടി എ അഞ്ജലി ഹാജരായി.

