ആയുധം താഴെവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഹിസ്ബുല്ല
ബെയ്‌റൂത്ത്: പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആയുധം താഴെവയ്ക്കണമെന്ന ലബ്‌നാന്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹിസ്ബുല്ലയും അമല്‍ പ്രസ്ഥാനവും. ആഗസ്റ്റ് 27ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹിസ്ബുല്ലയും അമലും ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും നിര്‍മാതാക്കളും എല്ലാവരും 27ന് ബെയ്‌റൂത്തിലെ റിയാദ് അല്‍ സോല്‍ ചത്വരത്തില്‍ പ്രതിഷേധിക്കും. പ്രതിരോധ പ്രസ്ഥാനങ്ങള്‍ നിരായുധീകരിക്കണമെന്ന ആഗസ്റ്റ് അഞ്ചിലെ സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് 1989ല്‍ ഒപ്പിട്ട കരാറിന്റെ ലംഘനമാണെന്ന് ഹിസ്ബുല്ലയും അമലും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
'' ലബ്‌നാന്റെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശത്തിന്റെയും ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് ഭൂമി സംരക്ഷിക്കാനും മോചിപ്പിക്കാനുമുള്ള ജനങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും അവകാശത്തിന്റെ സ്ഥിരീകരണമാണ് പ്രതിഷേധം. നമ്മുടെ രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ ഏറെ വിലകൊടുത്താണ് നേരിട്ടത്. ഏകീകൃത ദേശീയ നിലപാട് പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കീഴടങ്ങലിന്റെ പാത നിരസിക്കുകയാണ്. ഈ നിലപാട് നീതിമാന്‍മാരായ രക്തസാക്ഷികളുടെ രക്തത്തിനുള്ള ബഹുമാനമാണ്. ഇസ്രായേല്‍ പരമമായ തിന്മയാണ്, അതിനോട് സഹകരിക്കുന്നത് നിഷിദ്ധമാണ്''-പ്രസ്താവന പറയുന്നു.
യുഎസ് പ്രതിനിധി ടോം ബരാക്ക് അറബ് രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ലബ്‌നാനിലെ പ്രതിരോധ പ്രസ്ഥാനങ്ങളെ നിരായുധീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ലബ്‌നാനിലെ ഏറ്റവും ശക്തവും ജനപ്രിയവുമായ രാഷ്ട്രീയ സംഘടനകളാണ് ഹിസ്ബുല്ലയും അമലും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകള്‍ തേടി ഇരുപാര്‍ട്ടികളും തങ്ങളുടെ സ്വാധീനം തെളിയിച്ചിരുന്നു.
