ഹേമചന്ദ്രന്‍ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

Update: 2025-06-30 04:16 GMT

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ വില്‍പ്പനയ്ക്കായി മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് വിവരം. അതിന് ശേഷമാണ് മൃതദേഹം തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയത്. മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാനാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും നൗഷാദ് വിളിച്ചുവരുത്തിയത്. കൊലപാതകം നടന്നശേഷം, അതിനുപറ്റിയ സ്ഥലംകണ്ടെത്താന്‍ ജ്യോതിഷ്‌കുമാറും അജേഷും പലയിടത്തും പോയി നോക്കിയിരുന്നു. അതിനുശേഷമാണ് നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് കാപ്പിക്കുടുക്ക എന്ന വനമേഖല തിരഞ്ഞെടുത്തത്.

അന്വേഷണം കണ്ണൂര്‍, ഗൂഡല്ലൂര്‍ മേഖലയിലെ രണ്ടു സ്ത്രീകളിലേക്ക് നീളുന്നതായി പോലിസ് സൂചന നല്‍കി. ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നുപറഞ്ഞ് നൗഷാദ് പരസ്യം നല്‍കിയിരുന്നു. അതിലെ നമ്പറിലേക്ക് കണ്ണൂരിലെ സ്ത്രീ വിളിക്കുകയായിരുന്നു. തുടര്‍ന്ന് അടുപ്പം സ്ഥാപിച്ചശേഷം ഹേമചന്ദ്രനെ ട്രാപ്പിലാക്കാനുള്ള ജോലി നൗഷാദ് ഇവരെ ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂരിലുള്ള സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടിരുന്നത്.

അതേസമയം, നൗഷാദിനെ അടുത്ത ദിവസത്തിനകം കേരളത്തില്‍ എത്തിക്കും. പ്രതി നിലവില്‍ സൗദിയിലാണ്. നൗഷാദിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷമേ സ്ത്രീകള്‍ക്ക് എതിരെ പോലിസ് നടപടി സ്വീകരിക്കൂ. ഹേമചന്ദ്രന്റെ ഡിഎന്‍എ പരിശോധന ഫലം 4 ദിവസത്തിനകം പുറത്ത് വരും. നടപടി പൂര്‍ത്തിയായാല്‍ മാത്രമെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കൂ.