ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന് പ്രതി നൗഷാദ്

Update: 2025-07-02 04:29 GMT

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും പ്രതി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ കീഴടങ്ങുമെന്ന് പോലിസിനോട് പറഞ്ഞിരുന്നു. പൈസ വാങ്ങാനാണ് ഹേമചന്ദ്രന്റെ അടുത്തുപോയത്. രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഹേമ ചന്ദ്രന്‍ താമസിച്ചത്. ആവശ്യമെങ്കില്‍ അയാള്‍ക്ക് പോകാമായിരുന്നു. വീട്ടില്‍ ആക്കിയപ്പോഴും പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടതെന്ന് നൗഷാദ് പറഞ്ഞു .ഹേമ ചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്.2024 ഏപ്രിലിലാണ് കോഴിക്കോട് നിന്നും ഹേമചന്ദ്രനെ കാണാതായത്. തമിഴ്‌നാട് ചേരമ്പാടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.