ഹേമ കമ്മിറ്റി റിപോര്‍ട്ട്; തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: മന്ത്രി സജി ചെറിയാന്‍

Update: 2025-06-04 10:43 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിനിമാനയം വന്നതെന്നും നിയമനിര്‍മാണം നടത്തുന്നതും അടുത്തമാസം കോണ്‍ക്ലേവ് തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പ്രത്യേക പ്രസ് മീറ്റ് വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചില്ല എന്ന് വിമര്‍ശനമുന്നയിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമര്‍ശനം.

'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,' എന്നായിരുന്നു പാര്‍വതിയുടെ പോസ്റ്റ്.

പോസ്റ്റിനെതിരേ സംവിധായിക വിധു വിന്‍സെന്റും നടി മാല പാര്‍വതിയും രംഗത്തെത്തിയിരുന്നു. ഒരു നടി എന്ന നിലക്ക് പാര്‍വതി തിരുവോത്ത് കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നെന്നും മെച്ചപ്പെട്ട തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ എടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണാതെയാണോ പാര്‍വതി സംസാരിക്കുന്നത് എന്നും അവര്‍ ചോദിച്ചിരുന്നു.

Tags: