ഹേമചന്ദ്രന്‍ കൊലക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-08-17 03:13 GMT

വയനാട്: കോഴിക്കോട് സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വനത്തില്‍ കുഴിച്ചിട്ടകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബത്തേരി സ്വദേശി വെല്‍ബിന്‍ മാത്യു ആണ് പിടിയിലായത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഹേമചന്ദ്രന്റെ കാറും ബൈക്കും പോലിസ് ബത്തേരിയില്‍ നിന്നും കണ്ടെടുത്തു. 2024 മാര്‍ച്ചിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളപ്പണ ഇടപാടുകളും വാഹനമോഷണവും അടക്കമുള്ള വലിയ ഇടപാടുകള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് അനുമാനം.

ഹേമചന്ദ്രന്‍ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോള്‍ മൃതദേഹം കുഴിച്ചിടു മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യ മൊഴി. നൗഷാദിന് പുറമെ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടില്‍ രണ്ടുവര്‍ഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാര്‍ച്ച് 20നാണ് കാണാതായത്. മാര്‍ച്ച് 22ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.