യുഎസ് സൈന്യത്തിലെ ജനറല്‍മാര്‍ അമിതവണ്ണമുള്ളവരെന്ന് യുദ്ധസെക്രട്ടറി

Update: 2025-10-01 12:44 GMT

വാഷിങ്ടണ്‍: യുഎസ് സൈന്യത്തിലെ ജനറല്‍മാര്‍ അമിതവണ്ണമുള്ളവരാണെന്ന് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇന്നലെ വിര്‍ജീനിയയിലെ ക്വാന്റിക്കോയില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഈ വിമര്‍ശനം ഉന്നയിച്ചത്. 'വിഡ്ഢികളും അശ്രദ്ധരുമായ രാഷ്ട്രീയ നേതാക്കള്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ സൈന്യം വഴിതെറ്റിപ്പോയി. സൈന്യം ഒരു എല്‍ജിബിടി വകുപ്പ് ആയി.''-ഹെഗ്‌സെത്ത് പറഞ്ഞു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജനറലിനെയും നാവികസേനയുടെ ഉന്നത അഡ്മിറലായിരുന്ന ഒരു സ്ത്രീയേയും പുറത്താക്കിയതിനെ ഹെഗ്സെത്ത് ന്യായീകരിച്ചു. ആ ഉദ്യോഗസ്ഥര്‍ യുഎസിന്റെ തകര്‍ന്ന സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ജനറല്‍മാരോട് പറഞ്ഞു. യുഎസ് സൈന്യത്തിലെ എല്ലാ ഫിറ്റ്‌നസ് ടെസ്റ്റുകളും പുരുഷന്‍മാരുടെ മാനദണ്ഡത്തില്‍ മാത്രമേ ക്രമീകരിക്കൂ. തോന്നും പോലെ ശരീരം കൊണ്ടുനടക്കുന്നവര്‍ക്കും തോന്നും പോലെ വസ്ത്രം ധരിക്കുന്നവര്‍ക്കും പറ്റുന്ന പണിയല്ല സൈന്യത്തിലേത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.