ഹെഡ്‌ഗേവാര്‍ വിവാദം; നഗരസഭയില്‍ സംഘര്‍ഷം; ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2025-04-29 06:37 GMT

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഹെഡ്‌ഗേവാര്‍ പേരിനെ ചൊല്ലി സംഘര്‍ഷം. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വനിതാ അംഗങ്ങളും ഏറ്റുമുട്ടി. വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. മൈക്കുള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു.

പോലിസ് സ്ഥലത്തെത്തിയെങ്കിലും ഒരു മണിക്കൂറോളമായി വലിയ രീതിയിലുള്ള സംഘര്‍ഷം നില നില്‍ക്കുകയാണ്. നഗരസഭ ചെയര്‍പോഴ്‌സണെ പ്രതിഷേധക്കാര്‍ തടഞ്ഞു വെച്ചു. അതേസമയം, യുഡിഎഫിന്റെ കൗണ്‍സിലര്‍മാരെ തല്ലി തോല്‍പ്പിച്ചാല്‍ തീരുന്ന ഒന്നല്ല ഈ വിഷയം എന്നും വലിയ രീതിയിലുള്ള ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എന്നാല്‍ ഹെഡ്‌ഗേവാറിന്റെ പേരു തന്നെ നൈപുണ്യ വികസന കേന്ദ്രത്തിനിടും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഇപ്പോഴും പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

Tags: