ബിഹാറില്‍ കനത്ത ചൂട്; പട്‌നയില്‍ പ്രൈമറി ക്ലാസുകളുടെ പ്രവര്‍ത്തനസമയം വെട്ടിക്കുറച്ചു
പട്‌ന: ഉഷ്ണതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബിഹാറിലെ പട്‌ന ജില്ലയില്‍ അംഗനവാടി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം കുറച്ചു. കുട്ടികളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ണായക നടപടി. പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ത്യാഗരാജന്‍ എസ് എം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഉച്ചയ്ക്ക് 12.30നു ശേഷം ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ല. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നിലവിലെ സമയക്രമം തുടരും. ഏപ്രില്‍ 21 മുതല്‍ 25 വരെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുതുക്കിയ സമയക്രമം പ്രാബല്യത്തിലുണ്ടാകും. കഠിനമായ ചൂട് കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 22 മുതല്‍ 24 വരെ താപനില കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പട്‌ന, ഗയ, നളന്ദ, ഭോജ്പൂര്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ബിഹാര്‍ ജില്ലകളിലും ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍ തുടങ്ങിയ വടക്കന്‍ മേഖലകളിലും കടുത്ത ചൂട് അനുഭവപ്പെടും. 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് കൂടുതല്‍ കടുത്തതാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
