കനത്ത മഴയില്‍ രാജ്യം; യുപിയില്‍ 1245 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍,ജാര്‍ഖണ്ഡില്‍ 431 മരണം

Update: 2025-08-08 06:42 GMT

ലഖ്നൗ: രാജ്യത്തെ വിവധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളപ്പൊക്കം ദുരിതം വിതക്കുകയാണ്. യുപിയിലെ 24 ജില്ലകളില്‍ 1245 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ഇതുവരെ 360 വീടുകള്‍ തകര്‍ന്നു.വാരണാസി-ബിജ്നോറില്‍ 12 വരെയും ലഖ്നൗ-ജൗന്‍പൂരില്‍ 8 വരെയും സ്‌കൂളുകള്‍ക്ക് അവധിയാണ്.

ഹിമാചല്‍ പ്രദേശില്‍ 450-ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുന്നു. ഇതില്‍ ദേശീയപാത 305 ഉം 5 ഉം ഉള്‍പ്പെടുന്നു. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 7 വരെ സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഇതുവരെ 202 പേര്‍ മരിച്ചു. ജാര്‍ഖണ്ഡില്‍ ഈ കണക്ക് 431 ആണ്. ഹിമാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. അതേസമയം, രണ്ട് ദിവസത്തെ കനത്ത മഴയ്ക്ക് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10 ന് ഉന, കാംഗ്ര, മാണ്ഡി, സോളന്‍ ജില്ലകളില്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബീഹാറിലും മഴ ദുരിതപെയ്ത്ത് നടത്തികൊണ്ടിരിക്കുകയാണ്. മുന്‍ഗറില്‍ ഗംഗയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇവിടെ ചണ്ഡികാസ്ഥാന്‍ ക്ഷേത്രത്തില്‍ 6 അടി വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് അടച്ചു. ബെഗുസാരായിയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 118 സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചു. ഖഗാരിയയില്‍ 32 സ്‌കൂളുകളും വൈശാലിയില്‍ 80 സ്‌കൂളുകളും അടച്ചു. 38 ജില്ലകളിലും കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബീഹാര്‍-തമിഴ്‌നാട് ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും മധ്യപ്രദേശ്-രാജസ്ഥാന്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: