കനത്ത മഴ; മുംബൈ നഗരം വെള്ളത്തിനടിയില്‍, വന്‍ ഗതാഗതകുരുക്ക്

Update: 2025-08-18 10:33 GMT

മുംബൈ: മുംബൈയില്‍ കനത്ത മഴ. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ 'അതിശക്തമായ' മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മുംബൈയിലെ സ്‌കൂളുകളും കോളേജുകളും അടച്ചു, കനത്ത മഴ കാരണം വന്‍ ഗതാഗതക്കുരുക്കുണ്ടെന്നും റിപോര്‍ട്ടുണ്ട്. മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടിലാവുകയും ചെയ്തു. ഈസ്റ്റേണ്‍ ഫ്രീവേ, വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ എന്നിവയെയാണ് പ്രധാനമായും മഴ ബാധിച്ചത്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറില്‍ മുംബൈ സിറ്റിയില്‍ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു, അതേസമയം കിഴക്കന്‍, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ യഥാക്രമം 72 മില്ലിമീറ്ററും 65 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

അന്ധേരി, ലോഖണ്ഡ്വാല, കാഞ്ചുര്‍മാര്‍ഗ്, സിയോണ്‍ ഗാന്ധി മാര്‍ക്കറ്റ്, നവി മുംബൈ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ 15 മുതല്‍ 20 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ 1916 ഹെല്‍പ്പ് ലൈന്‍ വഴി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ പൗരന്മാരോട് നഗരസഭആവശ്യപ്പെട്ടു.

Tags: