മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ കനത്ത മഴ; ഇതുവരെ എട്ടുമരണം(വിഡിയോ)

Update: 2025-09-24 05:41 GMT

മറാത്ത്വാഡ: മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി പെയ്ത കനത്ത മഴയില്‍ എട്ടുമരണം. മറാത്ത്വാഡയിലെ എട്ട് ജില്ലകളിലായി വെള്ളപ്പൊക്കത്തില്‍ 766 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 33,010 ഹെക്ടറിലധികം സ്ഥലത്തെ വിളകള്‍ നശിച്ചു. ബീഡിലെയും ധാരാശിവിലെയും അഞ്ച് അണക്കെട്ടുകള്‍, നിരവധി റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ എന്നിവയും കനത്ത മഴയില്‍ തകര്‍ന്നു.

അതേസമയം, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും പരിസര ജില്ലകളിലുമായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ഇതില്‍ എട്ടുമരണങ്ങളും കൊല്‍ക്കത്തയില്‍ മാത്രമാണ് സംഭവിച്ചത്. 10 മരണങ്ങളില്‍ ഒമ്പത് മരണങ്ങളും വൈദ്യുതാഘാതം മൂലമാണെന്നാണ് റിപോര്‍ട്ടുകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്‍ക്കത്തയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍പ്പെട്ടു.

തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കൊല്‍ക്കത്തയില്‍ 251.4 മില്ലിമീറ്റര്‍ മഴ പെയ്തു. 39 വര്‍ഷത്തിനിടെ കൊല്‍ക്കത്തയില്‍ ഒറ്റദിവസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്. 1986 സെപ്റ്റംബര്‍ 26 ന് 259.5 മില്ലിമീറ്ററായിരുന്നു ഇതിനുമുമ്പത്തെ റെക്കോര്‍ഡ്.കനത്ത മഴയില്‍ കൊല്‍ക്കത്തയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 30ലധികം വിമാന സര്‍വിസുകളും നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Tags: