ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സര്‍വീസുകള്‍ റദ്ദാക്കി. 12 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. കൊച്ചി ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം അടക്കം 7 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെന്നൈയിലും തിരുവള്ളൂരിലും പുലര്‍ച്ചയോളം പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. രണ്ടു ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെന്നൈയില്‍ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതി വിലയിരുത്തി. തെക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.