ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മണ്‍സൂണ്‍ മഴ ശക്തി പ്രാപിച്ചു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച മുതല്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ പെയ്യുകയാണ്. ഷിംലയിലെ കോട്ഖായി, ജുബ്ബാല്‍, ജുങ്ക എന്നിവിടങ്ങളില്‍ രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലില്‍ 4 പേര്‍ മരിച്ചു.
ഹിമാചലിലെ കുളു ഉള്‍പ്പെടെ 10 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധിയാണ്. ചണ്ഡീഗഢ്മണാലി നാലുവരി പാത ഉള്‍പ്പെടെ നാല് ദേശീയ പാതകളും 800ലധികം റോഡുകളും അടച്ചിട്ടിരിക്കുന്നു. സിര്‍മൗര്‍ ജില്ലയിലെ ദാദഹുവില്‍ ഗിരി നദി കരകവിഞ്ഞൊഴുകുന്നു. വീടുകള്‍ ഒഴിയാന്‍ ജനങ്ങളോട് ഉത്തരവിട്ടിട്ടുണ്ട്.
ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ബുധാലിലെ ഗുണ്ടി പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഏകദേശം 12 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.കഴിഞ്ഞ 15 ദിവസത്തിനിടെ ജമ്മുകശ്മീരിലെ നാലുജില്ലകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായി. കിഷ്ത്വാര്‍, കതുവ, റിയാസി, റംബാന്‍ ജില്ലകളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 130 ല്‍ അധികം ആളുകള്‍ മരിച്ചു. 33 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.പഞ്ചാബിലെ 1312 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.പഞ്ചാബിലെ സ്‌കൂള്‍ അവധികള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെ നീട്ടി.