കനത്ത മഴയില്‍ പഞ്ചാബില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് ആംഫിബിയസ് വാഹനങ്ങള്‍

Update: 2025-08-28 10:11 GMT

ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് പഞ്ചാബിലെ ഏഴുജില്ലകളും 150 ലധികം ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.രവിബിയാസ്, സത്‌ലജ് നദികളിലെ ജലനിരപ്പ് ഉയര്‍ന്നതും വലിയ രീതിയില്‍ ഭീതചി വിതച്ചിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് 30 വരെ അവധിയാണ്.സംസ്ഥാനത്തെ അജ്‌നാലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം സൈന്യം ഏറ്റെടുത്തു. ആംഫിബിയസ് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ ഒഴിപ്പിക്കുന്നത്. കരയിലും വെള്ളത്തിലും ഓടാന്‍ ഇവയ്ക്ക് കഴിയും എന്നതാണ് പ്രത്യേകത.

അതേസമയം, ജമ്മു കശ്മീരില്‍ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 41 പേര്‍ മരിച്ചു. ജമ്മുവിലെ ഝലം, ഡല്‍ഹിയിലെ യമുന എന്നിവ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഇതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ജനജീവിതം ദുഷ്‌കരമായ അവസ്ഥയിലാണ്. ബുധനാഴ്ച രാത്രിയില്‍ പലയിടത്തും ഉണ്ടായ കനത്ത മഴയില്‍ ചണ്ഡീഗഡ്മണാലി ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി 2000ത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു.സംസ്ഥാനത്ത് ഇതുവരെ വെള്ളപ്പൊക്കത്തിലും മഴയിലും 310 പേര്‍ മരിച്ചു. 369 പേര്‍ക്ക് പരിക്കേറ്റു, 38 പേരെ കാണാതായി. 1240 ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 331 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Tags: