കാഠ്മണ്ഡു: നേപ്പാളിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേര്‍ മരിച്ചു. ഹിമാലയന്‍ മേഖലയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. മഴ തുടരുന്നതിനാല്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ 17 മരണം ആയി. മണ്ണിടിച്ചിലില്‍ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളില്‍ മാത്രം 14 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.
മണ്ണിടിച്ചിലില്‍ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. ബാലസണ്‍ നദിക്ക് കുറുകെയുള്ള ധുഡിയ ഇരുമ്പ് പാലം തകര്‍ന്നതോടെ ഡാര്‍ജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡില്‍ ഗതാഗതം തടസപ്പെട്ടു. നേപ്പാളില്‍ ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഇലാം ജില്ലയില്‍ വ്യാപകമായുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പലങ്ങള്‍ ഒലിച്ചുപോവുകയും റോഡുകള്‍ തകരുകയും ചെയ്തു.
നേപ്പാള്‍ ആര്‍മി, ആംഡ് പോലിസ് ഫോഴ്‌സ്, നേപ്പാള്‍ പോലിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും സുരക്ഷാ സേനയെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വടക്കന്‍ ബംഗാള്‍, സിക്കിം, മേഘാലയ എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ടും ബീഹാര്‍, ജമ്മു കശ്മീര്‍,പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
