ന്യൂഡല്‍ഹി: ഇന്ത്യയിലും പാകിസ്താനിലുമായി ആയിരം കിലോമീറ്ററിലധികം വ്യാപിച്ചിരിക്കുന്ന കൂറ്റന്‍ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്കും മഴ വ്യാപിക്കുമെന്നാണ് പ്രവചനം. ഏപ്രില്‍ എട്ടിന് ശക്തമായ കാറ്റിനൊപ്പം മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കനത്ത ചൂടില്‍നിന്നും വായുമലിനീകരണത്തില്‍നിന്നും ഈ മഴ ആശ്വാസമാകുമെങ്കിലും കൃഷിയെ ബാധിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഡല്‍ഹിയും സമീപപ്രദേശങ്ങളും ഇപ്പോള്‍ പൊടിപടലങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണ്. അതിനിടെ മെഡിറ്ററേനിയന്‍ മേഖലയില്‍ രൂപപ്പെട്ട ശക്തമായ 'വെസ്‌റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്' മൂലമാണ് ഈ കാലാവസ്ഥാ മാറ്റമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.
