ദുബയ്: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിലവിലെ കാലാവസ്ഥാ വ്യതിയാനം ബുധനാഴ്ച വരെ തുടരുമെന്നാണ് അറിയിപ്പ്. ഇടിയോടുകൂടിയ മഴയും കാറ്റിന്റെ വേഗത വര്‍ധിക്കുന്ന സാഹചര്യവും ചില മേഖലകളില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദൂരദൃശ്യം കുറയാനിടയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തുറന്ന പ്രദേശങ്ങളിലും കടല്‍ മേഖലകളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നിര്‍ദേശിച്ചു. കടലില്‍ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ആവശ്യമായേക്കും. പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വാഹനമോടിക്കുമ്പോള്‍ വേഗം കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂര്‍വം പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.