തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഈ മാസം ഒന്‍പത് വരെ ശക്തമായ മഴ തുടരും

Update: 2025-12-05 05:54 GMT

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിസംബര്‍ ഒന്‍പത് വരെ തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ഒരേ സ്ഥലത്ത് സ്ഥിരതയോടെ തുടരുന്നതിനാലാണ് മഴ ശക്തി പ്രാപിക്കുന്നതെന്നും റിപോര്‍ട്ട് ചെയ്തു. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദത്തിലേക്ക് മാറാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതുച്ചേരിയോടൊപ്പം ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ഞീപുരം, കൃഷ്ണഗിരി, ധര്‍മ്മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

ഇന്നലെ രാവിലെ 11.30 മുതല്‍ ചെന്നൈ നഗരവും പരിസരപ്രദേശങ്ങളും ഇടിയോടു കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. മൈലാപ്പൂര്‍, റോയപ്പേട്ട, നുങ്കമ്പാക്കം, ആള്‍വാര്‍പ്പേട്ട്, രാജഅണ്ണാമലൈപുരം, അഡയര്‍, തിരുവാന്‍മിയൂര്‍, മണലി, റോയപുരം, പുതുവണ്ണാരപ്പേട്ട, എഗ്മോര്‍, മന്ദവേലി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചെന്നൈയിലെ എന്നൂരിലാണ് 15 സെന്റീമീറ്റര്‍. തിരുവണ്ണാമലിലെ ചെട്ടപ്പെട്ടില്‍ 13 സെന്റി മീറ്ററും പുതുക്കോട്ടൈയിലെ തിരുമയം, തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കം എന്നിവിടങ്ങളില്‍ 12 സെന്റി മീറ്ററും വീതവും മഴ ലഭിച്ചു. ഷോളിങനല്ലൂര്‍, മണലി പുതുനഗര്‍, തിരുക്കഴുകുണ്ട്രം, തിരുവാരൂര്‍, പുതുക്കോട്ടൈ തുടങ്ങിയ പ്രദേശങ്ങളില്‍ 11 സെന്റി മീറ്ററും മഴ ലഭിച്ചതായും റിപോര്‍ട്ട് ചെയ്തു. ന്യൂനമര്‍ദ്ദം അതേസ്ഥാനത്ത് തുടരുന്നതിനാല്‍ ഇടിമിന്നലോടു കൂടിയ മഴ ഒന്‍പതാം തിയ്യതിവരെ നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags: