ഡല്‍ഹി-ചെന്നൈ വിമാനത്താവളങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; നൂറിലധികം വിമാനങ്ങള്‍ വൈകി, യാത്രക്കാര്‍ ദുരിതത്തില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ചെന്നൈയിലും കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെയും ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. കാഴ്ചാപരിധി അതീവമായി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ട നൂറിലധികം വിമാനങ്ങളാണ് വൈകിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ മുതല്‍ കാഴ്ചപരിധി പൂജ്യം മീറ്ററിലേക്ക് താഴ്ന്നത് ലാന്‍ഡിങ്ങിനും ടേക്കോഫിനും തടസ്സമായി. ഇതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിലും സമാനമായ സാഹചര്യം തുടരുകയാണ്. വടക്കുകിഴക്കന്‍ മണ്‍സൂണുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളും മൂടല്‍മഞ്ഞും വിമാന സര്‍വീസുകളെ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസ് സമയം സ്ഥിരീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, റോഡ് ഗതാഗതത്തിലും മൂടല്‍മഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതകളില്‍ വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കണമെന്ന് പോലിസ് നിര്‍ദേശം നല്‍കി.