ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മൂടല്‍മഞ്ഞും; മോശമായി വായു ഗുണനിലവാരം

Update: 2026-01-16 05:19 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും ശക്തമാകുന്നു. ഡല്‍ഹിയില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. ഇതോടെ റോഡ്, റെയില്‍, വിമാന ഗതാഗത സര്‍വീസുകള്‍ക്ക് വലിയ തോതില്‍ തടസ്സം നേരിടുകയാണ്. ഇതിനിടെ തലസ്ഥാനത്തെ വായു ഗുണനിലവാരവും അതീവ മോശമായ നിലയില്‍ തുടരുകയാണ്. മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. വായുമലിനീകരണം ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.

ഡല്‍ഹിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണനിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായി പുറത്തുവന്ന ഒഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ല്‍ മാത്രം ഡല്‍ഹിയില്‍ 9,000ലധികം പേര്‍ ശ്വാസകോശ രോഗങ്ങള്‍ മൂലം മരിച്ചതായാണ് റിപോര്‍ട്ട്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള 'രജിസ്‌ട്രേഷന്‍ ഓഫ് ബര്‍ത്ത്‌സ് ആന്‍ഡ് ഡെത്ത്‌സ്' വിഭാഗം പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്ത മരണങ്ങളില്‍ വലിയൊരു പങ്കും ശ്വാസകോശ അണുബാധകള്‍, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ മൂലമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് വായു ഗുണനിലവാരം 'അതീവ ഗുരുതര' വിഭാഗത്തില്‍ തുടരുമ്പോഴാണ് മരണനിരക്ക് കുത്തനെ ഉയര്‍ന്നത്.

മുതിര്‍ന്ന പൗരന്മാരും കുട്ടികളുമാണ് വായുമലിനീകരണം കൂടുതലായി നേരിടുന്നത്. രാജ്യതലസ്ഥാനത്തെ പുകമഞ്ഞും മലിനവായുവും ജനജീവിതത്തെ സാരമായി ബാധിക്കുന്നതിന്റെ ശക്തമായ തെളിവുകളാണ് പുറത്തുവരുന്ന ഈ കണക്കുകളെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags: