മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; വിതരണക്കാര്‍ക്ക് നാളെ പണം നല്‍കും

158 കോടി രൂപയാണ് വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി ഉപകരണ വിതരണക്കാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്

Update: 2025-10-05 14:19 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി താല്‍കാലികമായി പരിഹരിച്ചതായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ കെ വി വിശ്വനാഥന്‍. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജിന് എട്ടുകോടി രൂപയുമാണ് വിതരണക്കാര്‍ക്ക് നല്‍കുക. ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

158 കോടി രൂപയാണ് വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നായി ഹൃദയശസ്ത്രക്രിയ വിതരണക്കാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. പണം കുറച്ചെങ്കിലും നല്‍കിയില്ലെങ്കില്‍ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിട്ടുണ്ടെന്ന് വിശ്വനാഥന്‍ പറഞ്ഞു.

സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 18 മാസത്തെ കുടിശികയായ 158 കോടി രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതോടെ കഴിഞ്ഞമാസം ഒന്നുമുതല്‍ ഏജന്‍സികള്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായിരുന്നു.

Tags: