ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും പൊതുവേദിയില്‍ വാക്കുതര്‍ക്കം

മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ മൈക്കിലൂടെ മറുപടി നല്‍കി

Update: 2025-08-12 13:24 GMT

മലപ്പുറം: പൊതുവേദിയില്‍ വാക്കുതര്‍ക്കവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി എം സുബൈദയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായത്.

ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയതാണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓര്‍ഡര്‍ ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. ഇതോടെയാണ് നഗരസഭാ അധ്യക്ഷ മന്ത്രിക്ക് അടുത്തെത്തി സംസാരിക്കാന്‍ തുടങ്ങി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ആശുപത്രി പൂര്‍ണമായി കൈമാറിയിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ മൈക്കിലൂടെതന്നെ മറുപടി നല്‍കി. ഇതോടെ പരിപാടിയില്‍ കൂവിവിളികളും കരഘോഷങ്ങളും ഉയര്‍ന്നു.



Tags: