ചുമ മരുന്നുകളുടെ ഉപയോഗം; ടെക്‌നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

Update: 2025-10-10 04:42 GMT

തിരുവനന്തപുരം: കുട്ടികളിലെ ചുമയുടെ ചികില്‍സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ടെക്‌നിക്കല്‍ ഗൈഡ് ലൈന്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കേരളത്തിന് പുറത്ത് ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരണമടഞ്ഞുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമതി റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകം ഗൈഡ് ലൈന്‍ പുറത്തിറക്കിയത്. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായുള്ള സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.

ചുമയുടെ ക്ലിനിക്കല്‍ സമീപനവും മാനേജ്‌മെന്റും, പലതരം ചുമകളും രോഗ ലക്ഷണങ്ങളും, വിട്ടുമാറാത്ത, തുടര്‍ച്ചയായുള്ള ചുമയ്ക്കുള്ള സമീപനം, കുട്ടികളിലെ ചുമയുടെ നിയന്ത്രണം, ഔഷധേതര പ്രാഥമിക നടപടികള്‍, ഡോസേജും സുരക്ഷാ പരിഗണനകളും, കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ (തീയതി 04.10.2025) വഴിയുള്ള പ്രധാന നിര്‍ദേശങ്ങള്‍, ഫാര്‍മസിസ്റ്റുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ടെക്‌നിക്കല്‍ ഗൈഡ് ലൈനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

ചുമ ഒരു രോഗമല്ല, ഒരു ലക്ഷണമാണ്, അതിനാല്‍ സ്വയം മരുന്ന് കഴിക്കരുത്.

ചുമ സിറപ്പുകളോ ഫോര്‍മുലേഷനുകളോ ആവശ്യപ്പെടരുത്. ശിശുരോഗവിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാത്രം അവ ഉപയോഗിക്കുക.

ബാക്കി വരുന്ന മരുന്നുകളും കാലഹരണപ്പെട്ട കുറിപ്പടികളും ഉപയോഗിക്കരുത്.

ഒരു കുട്ടിക്ക് നിര്‍ദേശിക്കുന്ന മരുന്ന് ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കാതെ മറ്റൊരു കുട്ടിക്ക് കൊടുക്കരുത്.

ചുമയുള്ള കുട്ടികളില്‍, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമയ്ക്കുമ്പോള്‍ രക്തം വരിക,, അമിതമായ ക്ഷീണം, അപസ്മാരം, സയനോസിസ് അല്ലെങ്കില്‍ സെന്‍സോറിയത്തില്‍ മാറ്റം വന്നാല്‍, ഉടന്‍ തന്നെ ഒരു ശിശുരോഗവിദഗ്ദ്ധനെ ബന്ധപ്പെടുക.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ നിര്‍ദ്ദിഷ്ട അളവില്‍ മാത്രം ഉപയോഗിക്കണം.

Tags: