'മനുഷ്യ സ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു'; വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: വി കെ ഇബ്രാഹിം കുഞ്ഞ് മുസ് ലിം ലീഗിന്റേയും യുഡിഎഫിന്റേയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയുമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കിയത്. മനുഷ്യ സ്നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹവുമായി സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ വേര്‍പാട് വലിയ നഷ്ടവും ദുഖഃവുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടേയും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗീന്റേയും ദുഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ് ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സര്‍ക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
