'വിദ്യാര്‍ഥിനികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു' ; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

Update: 2025-09-24 06:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതി നല്‍കിയ വിദ്യാര്‍ഥിനികുടെ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്. കോളജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലെ 17 പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരുന്നത്.

ഇയാള്‍ വിദ്യാര്‍ഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.കേസില്‍ പോലിസ് 32ഓളം വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ വനിതാ ഫക്കല്‍റ്റിയും മറ്റു ഉദ്യോഗസ്ഥരും വിദ്യാര്‍ഥിനികളെ ഇതിനായി നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. കോളജ് വാര്‍ഡനാണ് ഇവര്‍ക്ക് സ്വാമിയെ പരിചയപ്പെടുത്തിരക്കൊടുത്തതെന്നും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ഥലത്തെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ സ്വാമി സ്ഥലം വിട്ടെന്നാണ് സൂചനകള്‍. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണത്തിനിടെ, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുനിന്ന് സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഒരു വോള്‍വോ കാര്‍ പോലിസ് കണ്ടെത്തി. കാറിന് വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലിസ് പറഞ്ഞു.

പ്രതി നേതൃത്വം നല്‍കിയിരുന്ന ആശ്രമം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ആശ്രമത്തിന്റെ ഒരു ശാഖയാണെന്നാണ് റിപോര്‍ട്ടുകള്‍.ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്, ആശ്രമ ഭരണകൂടം ഇയാളെ സ്ഥാനത്തുനിന്ന് നീക്കി.

Tags: