'യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി'; കോടതി വ്യവഹാരങ്ങള്‍ക്കിടെ മരിച്ചുപോയ ടിടിഇക്കെതിരേയുള്ള നടപടി റദ്ദാക്കി സുപ്രിംകോടതി

Update: 2025-10-29 05:10 GMT

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങിയത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി മുപ്പത്തിയേഴുവര്‍ഷം മുമ്പ് നടപടി നേരിട്ട ടിടിഇക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് സുപ്രിംകോടതി. വര്‍ഷങ്ങളായി നീണ്ടുപോയ കോടതി വ്യവഹാരങ്ങള്‍ക്കിടെ മരിച്ചുപോയ ഇയാള്‍ക്കെതിരേയുള്ള നടപടിയും കോടതി റദ്ദാക്കി. ആനുകൂല്യങ്ങള്‍ നിയമപരമായ അവകാശികള്‍ക്ക് മൂന്നുമാസത്തിനകം നല്‍കാനും സുപ്രിംകോടതി ഉത്തരവിട്ടു.

ദാദര്‍ നാഗ്പൂര്‍ എക്സ്പ്രസില്‍ 1988ല്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ടിടിഇ ആയിരുന്ന വിഎം സൗദാഗര്‍ പിടിക്കപ്പെട്ടത്. യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങി, വ്യാജ ഡ്യൂട്ടി പാസുകള്‍ ഉണ്ടാക്കി എന്നീ കുറ്റങ്ങളാണ് സൗദാഗറിനെതിരേ ചുമത്തിയത്. തുടര്‍ന്ന് 1996ല്‍ ടിടിഇയെ റെയില്‍വേ പിരിച്ചുവിട്ടു.

2002ല്‍ ഈ ടിടിഇയെ പിരിച്ചുവിട്ട നടപടി കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിനെതിരേ റെയില്‍വേ നല്‍കിയ അപ്പീലിന്റെ ഭാഗമായി ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി. ബോംബെ ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ടിടിഇ 2019ല്‍ സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവച്ച സുപ്രിംകോടതി ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Tags: