'ഇനിയും നിലക്കാത്ത അന്വേഷണം'; കാണാതായിട്ട് 12വര്‍ഷം; മകന്‍ തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച് സരീഫ
ശ്രീവിദ്യ കാലടി
ശ്രീനഗര്‍: 58കാരിയായ സരീഫ ബീഗം അവസാനമായി തന്റെ മകന്‍ മന്‍സൂര്‍ അഹമ്മദ് കുമാറിനോട് സംസാരിച്ചത് 2013 ഫെബ്രുവരി 12നാണ്. അന്ന് ഫോണിലൂടെ താന്‍ ഉടനെ വരുമെന്ന് അയാള്‍ ഉമ്മയോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഇതുവരെയായും മന്‍സൂര്‍ അഹമ്മദ് കുമാര്‍ തിരിച്ചു വന്നിട്ടില്ല, ഇപ്പോഴും ആ ഉമ്മ കാത്തിരിക്കുകയാണ് തന്റെ മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍. ഇത് സരീഫ ബീഗത്തിന്റെ മാത്രം കഥയല്ല, പലരുടെയും കാത്തിരിപ്പുകളുടെ കൂടി കഥയാണ്.
2019-ല്‍ ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്‍ പിരിച്ചുവിട്ടപ്പോള്‍ 600-ലധികം മനുഷ്യാവകാശ കേസുകള്‍ കമ്മീഷന് മുമ്പാകെ കെട്ടിക്കിടക്കുകയായിരുന്നു. അതിനുശേഷം, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി തേടാന്‍ വിശ്വസനീയമായ ഒരു ഇടം ലഭിച്ചിരുന്നില്ല, ഈ വര്‍ഷം ജൂണില്‍, ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുള്ള, സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുവരെ പ്രവര്‍ത്തിക്കുന്നതിനായി ഒരു താല്‍ക്കാലിക മനുഷ്യാവകാശ സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പലരുടെയും നഷ്ടപ്പെടലുകള്‍ക്ക് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.
വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ദര്‍ധാജി ഗ്രാമത്തില്‍ താമസിക്കുന്ന മന്‍സൂര്‍, പഞ്ചാബിലെ അമൃത് സറിലേക്ക് ഷോളുകള്‍ വില്‍ക്കാന്‍ പോയതാണ്. അത് അയാളുടെ ഉപജീവനമാര്‍ഗമാണ്. ഗ്രാമത്തിലെ മറ്റു പുരുഷന്മാരും ബന്ധുക്കളും അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം, ഷോള്‍ വില്‍പ്പനക്കുപോയ മന്‍സൂര്‍ തിരിച്ച് റൂമിലെത്തിയില്ല.
'ഞങ്ങള്‍ പലയിടങ്ങളിലായാണ് കച്ചവടം നടത്തുന്നത്. മന്‍സൂര്‍ മറ്റൊരു സ്ഥലത്തേക്ക് പോയി. വൈകുന്നേരത്തോടെ എല്ലാവരും തിരിച്ചെത്തിയിരുന്നു,പക്ഷെ മന്‍സൂര്‍ വന്നില്ല,' അദ്ദേഹത്തിന്റെ റൂംമേറ്റ് വസീം അഹമ്മദ് മിര്‍ പറഞ്ഞു.അടുത്ത ദിവസം, മിറും മറ്റുള്ളവരും ആ പ്രദേശം മുഴുവന്‍ തിരഞ്ഞു, പലരോടും ചോദിച്ചു, പല വാതിലുകളും മുട്ടി, പക്ഷേ മന്‍സൂറിനെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. പിന്നീടവര്‍ അമൃത്സറിലെ അജ്‌നാലയിലുള്ള പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തിരച്ചിലില്‍ ആരംഭിക്കുകയും ചെയ്തു.എന്നാല്‍ എത്ര ശ്രമിച്ചിട്ടും അയാളെ കണ്ടെത്താനായില്ല.
'എന്റെ മകനെ ഞാന്‍ കൊതിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല' കരഞ്ഞുകൊണ്ട് സരീഫ പറഞ്ഞു. കുടുംബം ജമ്മു കശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ (ജെകെഎസ്എച്ച്ആര്‍സി) സമീപിച്ചു, എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് അത് പിരിച്ചുവിടപ്പെട്ടു. തുടര്‍ന്ന് കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്ക് (എന്‍എച്ച്ആര്‍സി) മാറ്റുകയായിരുന്നു.
ആവര്‍ത്തിച്ചുള്ള അപ്പീലുകള്‍ നല്‍കിയിട്ടും ജമ്മുകശ്മീര്‍ പോലിസ് കാര്യമായ തിടുക്കം കാണിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഈ വര്‍ഷം ജൂലൈ 15 ന്, എന്‍എച്ച്ആര്‍സി ജമ്മു കശ്മീര്‍ പോലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ അന്തിമ നോട്ടിസ് നല്‍കി.
2024 ജനുവരി 17-നകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹന്ദ്വാരയിലെ സീനിയര്‍ പോലിസ് സൂപ്രണ്ടിനോട് എന്‍എച്ച്ആര്‍സി നിര്‍ദ്ദേശിച്ചിരുന്നു. ഒരു പതിവ് മറുപടികത്ത് മാത്രം ലഭിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 6-ന് വീണ്ടും കത്തു നല്‍കി. എന്നാല്‍ കേസ് സ്തംഭനാവസ്ഥയിലാണ് എന്നതാണ് യാഥാര്‍ഥ്യം.
ബന്ധുക്കള്‍ മന്‍സൂറിനെ കണ്ടെത്താനുള്ള എല്ലാ വഴികളും നോക്കികഴിഞ്ഞുവെന്ന് എന്‍എച്ച്ആര്‍സിയില്‍ മന്‍സൂറിന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അവകാശ പ്രവര്‍ത്തകനായ റാസിഖ് റസൂല്‍ ഭട്ട് പറഞ്ഞു.
കേസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് റാസിഖ് പറഞ്ഞു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പഞ്ചാബ് പോലിസോ ജമ്മുകശ്മീര്‍ പോലിസോ ഇരയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പല മാധ്യമങ്ങളും കേസിന്റെ വഴികള്‍ തിരക്കി. എന്നാല്‍ ഇതുവരെയായും ഒരുത്തരവും ലഭിച്ചിട്ടില്ല.
മന്‍സൂറിന്റെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ പ്രായമായി. അയാള്‍ക്ക് ഒരു മകളും ഉണ്ടായിരുന്നു, മന്‍സൂറിനെ കാണാതായി 15 ദിവസത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ ജനനം. 'അവള്‍ക്ക് ഇപ്പോള്‍ 12 വയസ്സായി. അവള്‍ ഉപ്പയെ കണ്ടിട്ടില്ല. അവളുടെ ഉമ്മ അവളെ ഞങ്ങളെ ഏല്‍പ്പിച്ചു വേറെ വിവാഹം കഴിച്ച് പോയി,' സരീഫ പറഞ്ഞു.
'എന്റെ മകന് എന്ത് സംഭവിച്ചു എന്ന് അറിയുക മാത്രമാണ് എനിക്ക് വേണ്ടത്. അവന്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ?' അവര്‍ ചോദിച്ചു. 'ഇനി മരിച്ചിട്ടുണ്ടെങ്കില്‍ അവന്റെ ഖബറിടം എന്നോടൊപ്പം വേണം, അങ്ങനെയെങ്കിലും അവന്റെ കൂടെ ഇരിക്കാലോ' ഇത്രയും പറഞ്ഞു കൊണ്ട് അല്‍പം മാത്രം തുറന്നിട്ട വാതിലിലൂടെ വറ്റാത്ത പ്രതീക്ഷയോടെ അവര്‍ പുറത്തേക്ക് നോക്കി!
കടപ്പാട്:TwoCercles.net

