'ബൂട്ടിട്ട് തൊഴിച്ചു, അസഭ്യം പറഞ്ഞു'; അടൂര്‍ പോലിസിനെതിരേ പരാതിയുമായി റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍
പത്തനംതിട്ട: അടൂര്‍ പോലിസിനെതിരേ പരാതിയുമായി റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍. സബ് ഇന്‍സ്പെക്ടറായിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി .പളളിക്കല്‍ സ്വദേശി ബാബുവാണ് (62) പരാതി നല്‍കിയിരിക്കുന്നത്. നാട്ടില്‍ തന്നെയുള്ള മറ്റൊരു വ്യക്തിയുമായുള്ള സാമ്പത്തിക തര്‍ക്കത്തെതുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലെത്തിയ തന്നെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുപകരം അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പരാതികള്‍ ഒത്തുതീര്‍പ്പായതിനേ തുടര്‍ന്നാണ് ഇത്തരത്തില്‍ തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
എസ്‌ഐ നൂപ് ചന്ദ്രന്‍ ബൂട്ടിട്ട് കാലില്‍ തൊഴിച്ചെന്നും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞെന്നും ബാബു പറയുന്നു. അസുഖ ബാധിതനാണെന്നും ഉപദ്രവിക്കരുതെന്നും ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യയെയും എസ്‌ഐ അസഭ്യം പറഞ്ഞെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ബാബു പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിക്കും പട്ടികജാതി പട്ടിവര്‍ഗ കമ്മീഷനും ബാബു പരാതി നല്‍കിയിരുന്നു. ഇതോടെ, അനൂപ് ചന്ദ്രനെ സ്‌റ്റേഷനില്‍ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അല്ലാതെ ഇതുവരെയായിട്ടും പോലിസ് മറ്റൊരു നടപടിയും എടുത്തിട്ടില്ലെന്നും ബാബു പറയുന്നു.