ഹജ്ജ് കമ്മിറ്റിയുടെ യുപിഎസ്‌സി കോച്ചിങ് സെന്റര്‍ പുനരാരംഭിക്കുന്നു

Update: 2025-05-29 01:57 GMT

മുംബൈ: ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ യുപിഎസ്‌സി കോച്ചിങ് സെന്റര്‍ പുനരാരംഭിക്കുന്നു. ഹജ്ജിന് പോവുന്നവര്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാല്‍ടണ്‍ റോഡിലെ ഹജ്ജ് ഹൗസ് കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ് 2023ന് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആകെയുള്ള സീറ്റുകളില്‍ 20 ശതമാനം മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്കും ദലിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ക്കായി മാറ്റിവക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ സി ഷാനവാസ് പറഞ്ഞു. 2026ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവരില്‍ നിന്ന് സെന്റര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 30 വയസാണ് പ്രായപരിധി. ഇവര്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 13ന് നടക്കും. രാജ്യത്തെ 21 സെന്ററുകളിലാണ് പരീക്ഷ നടക്കുക. കോച്ചിങ് ആഗസ്റ്റ് 11 മുതല്‍ തുടങ്ങും.

ഹജ്ജിന് പോവുന്നവര്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് ഹജ്ജ് ഹൗസ് കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. 2009ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇതുവരെ 1500 വിദ്യാര്‍ഥികള്‍ക്ക് കോച്ചിങ് നല്‍കി. 25 പേര്‍ സിവില്‍ സര്‍വീസ് പാസായി. പക്ഷേ, കൊവിഡിന് ശേഷമുണ്ടായ പ്രതിസന്ധികള്‍ മൂലം 2023 ഡിസംബറില്‍ പൂട്ടി. ഇതിലെ പ്രതിഷേധം പരിഗണിച്ചാണ് വീണ്ടും സെന്റര്‍ സജീവമാക്കാന്‍ തീരുമാനിച്ചത്.